അറബിക്കടലിനോട് മുത്തമിട്ട് എട്ടുനിലകളുള്ള പുതിയ കോടതി സമുച്ചയം ജനുവരി 25 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ജനുവരി 25 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ചേർന്ന് നിർവ്വഹിക്കും.
വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നീതിന്യയ സൗധം തലശ്ശേരിക്കൊരു തിലകക്കുറിയായി അനന്ത വിഹായസ്സിൽ തലയെടുപ്പോടെ ഉയർന്നിരിക്കുകയാണ്. 222 വർഷം മുന്നേ അന്നത്തെ ഉത്തരമലബാറിന്റെ ജൂഡീഷ്യൽ തലസ്ഥാനമായി തുടങ്ങിയ കോടതികൾക്ക് മുന്നിലായി എട്ടുനിലകളുള്ള അതിമനോഹരമായ കോടതി സമുച്ചയമാണ് ഉയർന്നിരിക്കുന്നത്. പുതിയ സമുച്ചയത്തിലേക്ക് 10 കോടതികളാണ് മാറുന്നത്. പൗരാണിക പട്ടികയിൽപ്പെട്ട പ്രിൻസിപ്പൽ ജില്ലാക്കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയും ,മുൻസിഫ് കോടതിയും അവിടെ തന്നെ തുടരും.
ജില്ലാ ജഡ്ജ് കെ ടി നിസാർ ചെയർമാനായും തലശ്ശേരി MLA ,AN ഷംസീർ കൺവീനറുമായി രൂപീകരിച്ച ഓർഗനൈസിംഗ് കമ്മറ്റി മാസങ്ങളായി ഉദ്‍ഘാടനത്തിനായുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടത്തിവരികയാണ്.വിവിധ തരത്തിലുള്ള സബ് കമ്മറ്റികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവരികയാണ്. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ സജീവൻ,അഭിഭാഷകരുടെ മുൻ നിരയിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പുതിയ കെട്ടിടം അഭിഭാഷകർക്കും കക്ഷികൾക്കും ജീവനക്കാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും കൂടുതൽ ഗുണകരമാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.