തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരെ മജിസ്ട്രേറ്റിന്റെ മോശം ഭാഷയും നിലവിട്ടുള്ള പെരുമാറ്റവും

Advocate Boycot New
Spread the love

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണ്.
ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ കോടതിയിൽ വിളിച്ച് വരുത്തി, തുടർന്ന് വളരെ മോശം ഭാഷയിൽ അഭിഭാഷകനോട് കയർക്കുകയും പോലീസിനെ വിളിച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യാൻ മുതിരുകയുമാണ് ഉണ്ടായത്. കോടതിയിൽ ഹാജരായിരുന്ന മറ്റ് അഭിഭാഷകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.
അഭിഭാഷകൻ ഒരു വിധത്തിലും കോടതി നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ല, പരാതിക്കാരന് തിയ്യതി പറയുമ്പോൾ വന്ന ഒരു സാങ്കേതിക പിഴവ് തിരുത്തുകയാണ് ചെയ്തത്. ആ സ്റ്റേറ്റ്മെന്റ് തള്ളുകയോ കൊള്ളുകയോ ചെയ്യലാണ് നിയമപരമായ പോംവഴി. പകരം അഭിഭാഷകനെ റിമാന്റ് ചെയ്യാൻ മുതിരുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത സംഭവമാണ്. തിരൂർ കോടതിയിൽ ഈ താൽക്കാലിക മജിസ്ട്രേറ്റ് ചുമതലയെടുത്തത് മുതൽ അഭിഭാഷകരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കും വിധം പെരുമാറുന്നതായാണ് ആക്ഷേപം. വസ്തുതകൾ മുൻപ് തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശ്രദ്ധയിൽ ബാർ അസോസിയേഷൻ കൊണ്ടുവന്നതായാണ് അറിയാൻ കഴിഞ്ഞത്.
ബാറും ബെഞ്ചും തമ്മിൽ മികച്ച പരസ്പര ബഹുമാനവും, സഹകരണവും നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ താൽക്കാലിക ജുഡീഷ്യൽ ഉദ്യോഗസ്ഥ നിയമനങ്ങളും , നിയമനത്തിന് കോടതി പ്രാക്ടീസ് ആവശ്യല്ലാതെ വന്നതും ഇതിന് ദോഷകരമാവുന്ന സാഹചര്യം പലയിടത്തും സൃഷ്ടിക്കെപ്പെട്ടിട്ടുണ്ട്. ബാർ അസോസിയേഷനുകളുടെയും മുതിർന്ന ന്യായാധിപരുടെയും സമയോചിതമായ ഇടപെടലുകളാണ് പലപ്പോഴും സംഘർഷം ഒഴിവാക്കുന്നത്.
കോടതിയിൽ ഹാജരായി കേസ് നടത്തുന്ന അഭിഭാഷകനെ കോടതിക്കകത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്യിക്കാൻ മുതിരുന്നത് നിയമ വിരുദ്ധമാണ്. മുതിർന്ന സഹ അഭിഭാഷകരുടെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് അറസ്റ്റ് ഒഴിവായത്. അഭിഭാഷകരുടെ തൊഴിൽ പരമായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം മാത്രമല്ല, അധികാര ദുർവ്വിനിയോഗവും അവിടെ ഉണ്ടായി. ഈ വിധം ഭീതി പരത്തിയാണോ നീതിക്കായുള്ള സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതി നടപടികൾ മുന്നോട്ട് കൊണ്ട് പോകേണ്ടത് ?
തിരൂർ വിഷയത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും സത്വര ഇടപെടലുകൾ ആവശ്യമാണ്. താൽക്കാലിക മജിസ്ട്രേറ്റിനെ ന്യായാധിപ ചുമതലയിൽ നിന്ന് മാറ്റുന്നതടക്കമുള്ള നടപടികൾ ആവശ്യമാണ്. അഭിഭാഷകർക്ക് ഈ വിഷയത്തിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ബാറും ബെഞ്ചും തമ്മിലുള്ള ഊഷ്മള ബന്ധം തകരാതെ, ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നതാണ് അഭിഭാഷകരുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *